Thursday, April 5, 2012

രാജ്യസഭ


വളരെ വിശാലവും വിശദവുമായ ഒരു കാഴ്ചപ്പാടോടെ തയാറാക്കപ്പെട്ടതാണ് ഇന്ത്യയുടെ ഭരണഘടന. എല്ലാ സാധ്യതകളും അവയ്ക്കുള്ള പ്രതിവിധികളും പരിഗണിച്ചാണ് അത് തയാറാക്കപ്പെട്ടത്‌.

പക്ഷെ പ്രശ്നം അവിടെയല്ല. അര്‍ഹിക്കുന്ന കൈകളിലല്ല അതെത്തിയത്. രാജഭരണത്തില്‍ നിന്നും വിഭിന്നമായി, ജനാധിപത്യത്തില്‍ ഭരിക്കാനുള്ള അവകാശം ലഭിക്കുക എന്നുവച്ചാല്‍ അത് ജനങ്ങളെ സേവിക്കാനുള്ള ചുമതലയേല്‍ക്കലാണെന്നും അത് ശരിയായ രീതിയില്‍ നിറവേറ്റുകയെന്നതാണ് ജനപ്രതിനിധികളുടെ കര്‍ത്തവ്യമെന്നും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു ജനവിഭാഗമായിപ്പോയി നമ്മള്‍. ഭരണം എന്നത് ഒരു യന്ത്രം പോലെയാണെന്നും ഭരണസ്ഥാപനങ്ങളെല്ലാം ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണെന്നും ആ യന്ത്രത്തിന്‍റെ ഉപയോഗം, അതിന്‍റെ ഭാഗമല്ലാത്ത സാധാരണജനങ്ങളെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതി നേടിയെടുക്കലാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും, എന്തിനേറെ, സാധാരണജനങ്ങള്‍ പോലും മറന്നുപോയി. ഭരണം, സ്വാര്‍ത്ഥതമാത്രം കൈമുതലായ ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ എത്തിപ്പെടാന്‍ ഇത് കാരണമായി. ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ പുറംതോടുമാത്രം നിലനിര്‍ത്തി ഉദ്ദേശലക്ഷ്യങ്ങള്‍ മാറ്റിമറിച്ചു. ഇത് വിശദമാക്കാന്‍ രാജ്യസഭയുടെ ഇന്നത്തെ സംവിധാനം ഒന്ന് നോക്കിയാല്‍ മതി.
ഇന്ത്യന്‍ പാര്‍ലമെന്റിന് ലോകസഭ(ലോവര്‍ ഹൌസ്), രാജ്യസഭ (അപ്പര്‍ ഹൗസ്‌)എന്നീ രണ്ടു ഭാഗങ്ങളാണല്ലോ ഉള്ളത്. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ ഉള്‍ക്കൊള്ളുന്നത് ലോകസഭ. ഓരോ തെരഞ്ഞെടുപ്പിലും പുതിയ ഒരു ലോകസഭ നിലവില്‍ വരുന്നു. അതിനുമുന്പുണ്ടായിരുന്നത് ഇല്ലാതെയാകുന്നു.
പക്ഷെ രാജ്യസഭയിലെ അംഗങ്ങള്‍ അങ്ങനെ തെരഞ്ഞെടുക്കപ്പെടുകയല്ല. അംഗങ്ങളുടെ കാലാവധി ആറു വര്‍ഷം. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് അംഗങ്ങള്‍ പിരിഞ്ഞുപോകുന്നു. അങ്ങനെ സ്ഥിരമായ ഒരു സംവിധാനമായി രാജ്യസഭ നിലകൊള്ളുന്നു.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഉള്‍ക്കൊണ്ട ലോകസഭ എന്നൊരു സംവിധാനം ഉണ്ടായിരിക്കെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാത്ത അംഗങ്ങള്‍ ഉള്‍ക്കൊണ്ട രാജ്യസഭ എന്നൊരു സംവിധാനം എന്തിനായിരിക്കാം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്?
ജനാധിപത്യത്തില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഭരിക്കേണ്ടതെന്നകാര്യം നിസ്തര്‍ക്കമാണ്. പക്ഷെ അവര്‍ സാമാന്യജനതയുടെ പ്രതിനിധികളായതിനാല്‍ ചില സംഗതികളിലെങ്കിലും വിദഗ്ദ്ധോപദേശം (Expert opinion) അനിവാര്യമായിതീരും. ആയതിനാല്‍ കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നിവയില്‍ അറിവും പരിചയവും ഉള്ളവരെ പാര്‍ലമെന്റിന്റെ ഭാഗമാക്കി നിലനിര്‍ത്തുകയും അവരുടെ ഉപദേശം തേടുകയും ചെയ്യാനുള്ള ഒരു സ്ഥിരസംവിധാനമാണ് രാജ്യസഭ. അവരെ തെരഞ്ഞെടുക്കുന്നതാകട്ടെ സംസ്ഥാനനിയമസഭാമെമ്പര്‍മാരും. എത്ര ഉജ്വലമായ ഒരു സംവിധാനം!
എങ്കിലും അവരവരുടെ രംഗങ്ങളില്‍ വിദഗ്ധോപദേശം നല്‍കാന്‍ കഴിവുള്ള ഈ പണ്ഡിതന്‍മാര്‍ക്ക് സാധാരണജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങള്‍ക്കതീതരായി രാജ്യസഭാംഗങ്ങളെ കാണാനാകാം അവരെ ഒരു പ്രത്യേകവിഭാഗമായി, ഉപരിസഭാംഗങ്ങളായി നിലനിര്‍ത്താന്‍ ഭരണഘടനാനിര്‍മാതാക്കള്‍ തീരുമാനിച്ചത്. അതേസമയം, ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാസാമാജികരാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെന്നതിനാല്‍ അവര്‍ ജനാധിപത്യസംവിധാനത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു.
അതുകൊണ്ടുതന്നെ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ഉള്‍ക്കൊള്ളുന്ന രാജ്യസഭയെന്ന സംവിധാനത്തെ, ഭരിക്കാന്‍ വേണ്ടിയല്ല, പ്രത്യുത, ഭരണാധികാരികള്‍ക്ക്‌ - നിയമനിര്‍മ്മാതാക്കള്‍ക്ക് – വിദഗ്ദ്ധോപദേശം നല്‍കാന്‍ വേണ്ടിയാകണം ഭരണഘടനാനിര്‍മാതാക്കള്‍ സൃഷ്ടിച്ചത് എന്ന് ചിന്തിക്കുന്നത് തെറ്റാവില്ല. പക്ഷെ അവര്‍ക്ക് ഭരിക്കാന്‍ - മന്ത്രിമാരാകാന്‍ - അവകാശമില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടുമില്ല. വളരെ വിരളമായെങ്ങാന്‍ അവരെ മന്ത്രിയാക്കേണ്ട സാഹചര്യം വന്നാല്‍ അതിനു ഭരണഘടന തടസ്സമാകരുതെന്ന് ഉത്തരവാദപ്പെട്ടവര്‍ കരുതിയിരുന്നിരിക്കാം.
പക്ഷെ ജനങ്ങളുടെ വോട്ടുനേടി പാര്‍ലമെന്റില്‍ എത്താമെന്നുള്ള വിശ്വാസമില്ലാത്ത ചിലരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ രാജ്യസഭ എന്ന സംവിധാനം ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയക്കാര്‍. ഇത് അറിയണമെങ്കില്‍ കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ പ്രശസ്തരായ എത്രപേര്‍ രാജ്യസഭയിലുണ്ടെന്നു പരിശോധിച്ചാല്‍ മതി.
രാജ്യസഭാംഗങ്ങളെ മന്ത്രിമാരാക്കുന്നതില്‍ ഒരു പുതുമയും ഇന്നില്ല.
സത്യസന്ധനും സാമ്പത്തികശാസ്ത്രവിദഗ്ദ്ധനും ആണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി. പക്ഷെ സാധാരണജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിലുടെ ലഭിക്കേണ്ട ലോകപരിചയം അദ്ദേഹത്തിനില്ല. അവര്‍ക്ക്‌ അദ്ദേഹത്തെ ഒരു വ്യക്തി എന്ന നിലയില്‍ അറിയില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ വോട്ടുനേടി പാര്‍ലമെന്റില്‍ എത്തുകയെന്നത് അദ്ദേഹത്തിനാല്‍ ക്ഷിപ്രസാദ്ധ്യവുമല്ല. പ്രധാനമന്ത്രിയെന്നതിലേറെ ഒരു സാമ്പത്തികഉപദേഷ്ടാവിന്റെ കിരീടമായിരുന്നു അദ്ദേഹത്തിന്‌ യോജിക്കുക. പക്ഷെ രാജ്യഭരണവും ധനതത്വശാസ്ത്രവും രണ്ടാണെന്നറിയാത്ത ചിലര്‍ അദ്ദേഹത്തെ രാജ്യസഭയിലൂടെ അകത്തുകയറ്റി പ്രധാനമന്ത്രിയാക്കി. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലൂടെ നമുക്ക്‌ ലഭിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ അറിവിന്‍റെ പ്രയോജനം നമുക്ക്‌ നഷ്ടമായി.
ആത്മാവില്ലാത്ത ഒരു സംവിധാനമായി രാജ്യസഭ മാറുകയാണ്.
എന്നെങ്കിലും ഇതിനു മാറ്റം ഉണ്ടാകുമെന്ന് ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ?
കെ.കെ.നായര്‍

No comments:

Post a Comment